കേരളത്തിലെ മലയോരജനതയ്ക്ക് ആശ്വാസം പകരുന്ന രണ്ടു സുപ്രധാന ബില്ലുകളായ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ, വനം ഭേദഗതി ബിൽ എന്നിവ നിയമസഭ പാസാക്കി. ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിച്ചാൽ മൃഗത്തെ കൊല്ലാനുള്ള ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ അധികാരം നൽകും. വന്യമൃഗം ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിച്ചാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് കലക്‌ടറുടെയോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയെ കൊല്ലുന്നതിനോ മയക്കുവെടിവച്ച് പിടികൂടുന്നതിനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനോ ഉത്തരവിടാനും നിയമം നടപ്പാകുന്നതോടെ സാധ്യമാകും.
വന്യമൃഗം വനത്തിന് പുറത്ത് ഒരാളെ ആക്രമിക്കുയോ ജനവാസമേഖലയിൽ ഇറങ്ങുകയോ ചെയ്‌താൽ അവയെ മനുഷ്യജീവന് അപകടകാരിയായി കണക്കാക്കും. പട്ടിക രണ്ടിലുള്ള വന്യമൃഗം മനുഷ്യജീവനോ വസ്‌തുവകകൾക്കോ അപകടകരമാകുന്ന തരത്തിൽ പെരുകിയതായി ബോധ്യപ്പെട്ടാൽ സംസ്ഥാന സർക്കാരിന് വിജ്ഞാപനം വഴി അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വിൽപന നടത്താനും മരത്തിൻ്റെ വില കർഷകന് ലഭ്യമാക്കാനും വനം ഭേദഗതി ബിൽ വഴി അനുമതി ലഭിക്കും. കൂടാതെ വന കുറ്റകൃത്യങ്ങളിൽ ചിലത് കോടതിയുടെ അനുമതിയോടെ കോംമ്പൗണ്ട് ചെയ്യാനും ഈ നിയമം നടപ്പാകുന്നതോടെ സാധ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2025