ഉപഭോക്താക്കൾക്കായി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ എസ് ഇ ബി.  പദ്ധതിയിലൂടെ രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ അടച്ചുതീർക്കാം. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. 5 മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം പലിശ നൽകിയാൽ മതിയാകും. 

2 മുതൽ 5 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചു തീർക്കുന്നവർക്ക് ബിൽ കുടിശ്ശികയിൽ (Principal Amount) 5% അധിക ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. 

റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയിലൂടെ തീർപ്പാക്കാനാകും.ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫീസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്‌പെഷ്യൽ ഓഫീസർ റെവന്യൂ കാര്യാലയത്തിലുമാണ് സേവനം ലഭ്യമാവുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2025

sitelisthead