ഉന്നതവിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി ഉന്നതവിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി (എ.ഐ) ഭാവിസാധ്യതകൾ ചർച്ചചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം എഡിഷൻ 2024 ഡിസംബർ 8, 9, 10 തീയതികളിൽ, തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
നിർമ്മിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിർണ്ണായക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും കോൺക്ലേവ് ചർച്ചചെയ്യും. വിവിധ വിഷയങ്ങളിൽ വിവിധ ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി, വിദേശ സർവ്വകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നെല്ലാമുളള സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ പ്രബന്ധങ്ങളും അവതരണങ്ങളും നടക്കും.
വിദ്യാഭ്യാസരംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന തൊഴിൽ സാദ്ധ്യതകൾ എന്നിവയെല്ലാം വിശദമായ ചർച്ചയാവും. അന്താരാഷ്ട്ര ഏജൻസിയായ IEEE യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ,എ.ഐ അന്താരാഷ്ട്ര കോൺഫറൻസ്, എ.ഐ.ഹാക്കത്തോൺ, വിദ്യാർത്ഥികൾക്കുള്ള എ. ഐ. ക്വിസുകൾ, എ.ഐ.റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും അനുബന്ധമായി സംഘടിപ്പിക്കും.
നിർമ്മിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും (AI and Judicial system), നിർമ്മിതബുദ്ധിയും മാധ്യമങ്ങളും (AI and Media), നിർമ്മിതബുദ്ധിയും നിയമനിർവ്വഹണവും (AI and Law Enforcement),നിർമ്മിതബുദ്ധിയും യുവജന ശാക്തീകരണവും (AI and Youth Empowerment),നിർമ്മിതബുദ്ധിയും ആരോഗ്യ പരിപാലനവും (AI and Health care),നിർമ്മിതബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ (AI and Kerala Education),നിർമ്മിതബുദ്ധിയും സിനിമയും (AI and Cinema) എന്നി മേഖലകൾ ചർച്ച നടക്കും. സെഷനുകളിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമടക്കം സൗജന്യമായിരിക്കും.വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്‌കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. കോൺക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. രജിസ്ട്രേഷൻ .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2024