സാധാരണക്കാരുടെ ഉപജീവനമാർഗത്തെ സ്പർശിക്കുന്ന നിരവധി  പദ്ധതി  കേരളത്തിലുണ്ട് . സാമ്പത്തിക ശാക്തീകരണം, പൊതു ആവശ്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ചില പദ്ധതികളുടെയും സേവനങ്ങളുടെയും വിശദമായ അവലോകനവും പ്രവർത്തനങ്ങളും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ.

തീരദേശത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനമായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഒന്നര പതിറ്റാണ്ടിലധികമായി തീരദേശത്ത് ആറായിരത്തിലധികം സ്ത്രീകൾക്ക് ഗുണകരമായ നിരവധി പദ്ധതികളാണ് സാഫ് ഏറ്റെടുത്തു നടപ്പിലാക്കുന്നത്. ഇതിൽ മൽസ്യ വിപണന കേന്ദ്രം  മുതൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങൾ വരെയുണ്ട്. 

തീരമൈത്രി പദ്ധതിയിലൂടെ  1600 ചെറുകിട സംരംഭങ്ങൾ  നൂറുകണക്കിന് സ്ത്രീകൾക്ക് ജീവനോപാധിയാകുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ ഗ്രാൻറായി കിട്ടും. കൂടാതെ ഒരു ലക്ഷം രൂപവരെ പലിശരഹിത പ്രവർത്തനമൂലധനവും നൽകുന്നുണ്ട് . പലിശരഹിത റിവോൾവ്‌ വായ്പ, നവീകരണത്തിനുള്ള ഗ്രാൻ്റ്, പലിശ സബ്സിഡിയോടെ ബാങ്ക് വായ്പ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

സപ്ലൈകോയുമായി ചേർന്ന് തീരദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന 'തീരമാവേലി' മറ്റൊരു ജനകീയ പദ്ധതിയാണ്. മത്സ്യമേഖല വിട്ടുള്ള മറ്റിടങ്ങളിലെ തൊഴിലുകൾക്ക് സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടെയിലറിംഗ് - ഗാർമെൻറ്സ് യൂണിറ്റുകൾ സാഫിൻ്റെ വിജയകരമായ പദ്ധതികളാണ്. ചെറിയ യൂണിറ്റുകൾക്ക് ആദായ വിലയിൽ തുണിത്തരങ്ങൾ ലഭിക്കാനായി  യൂണിറ്റുകളുടെ കൺസോർഷ്യവും രൂപീകരിച്ചിട്ടുണ്ട്. വർദ്ധിച്ചപ്പലിശയും ചൂഷണവും തടയാനായി ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. സംരംഭകർക്ക് അമ്പതിനായിരം രൂപ വരെയാണ് പലിശരഹിത വായ്പ. 4750 പേർ അംഗങ്ങളായ 950 ജെ എൽ ജി ഗ്രൂപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.


എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്

യാഥാസ്ഥിതിക ഭരണ ശൈലികളിൽ നിന്നും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നവീന ഭരണ ക്രമങ്ങളിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് റവന്യു വകുപ്പ് . ഡിജിറ്റൽ റീസർവേ , യൂണിക്‌ തണ്ടപ്പേർ പദ്ധതി , സ്മാർട്ട് വില്ലേജ് , ജനകീയ സമിതികൾ , ഇ ഓഫിസ് സംവിധാനം എന്നിങ്ങനെ കൃത്യമായ ലക്ഷ്യത്തിലൂടെ, ജനകീയ വഴികളിലൂടെ മുന്നേറുകയാണ് റവന്യൂ വകുപ്പ് അടിമുടി മാറി സ്മാർട്ട് ആയിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് പഞ്ചായത്ത്. പൊടി പിടിച്ചു കിടക്കുന്ന ഫയലുകളും മാറാല പിടിച്ചു പഴകിയ കെട്ടിടവുമൊക്കെ ഇനി ഭൂതകാലം. ഈ സർക്കാർ അധികാരത്തിൽ എത്തി  ഒരു വർഷത്തിനുള്ളിൽ തന്നെ പുതിയ കെട്ടിടം പണികഴിപ്പിച്ചു .  ഓഫീസ് പൂർണ്ണമായും കമ്പ്യൂട്ടർ വല്ക്കരിച്ചു. സേവനങ്ങൾ എല്ലാം തന്നെ ഓൺലൈനായി  മാറിക്കഴിഞ്ഞു. നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ വില്ലേജാഫീസുകൾ സ്മാർട്ട് ആയി മാറുന്നതിനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം അഞ്ഞൂറോളം വില്ലേജോഫീസുകൾ സ്മാർട്ട് ആയിക്കഴിഞ്ഞു 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്, എന്ന തലവാചകത്തോടെയാണ് റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ചരിത്ര നമ്പർ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. അതിന്റെ ചുവടു പിടിച്ചു തന്നെ എല്ലാ മനുഷ്യരെയും ഭൂമിയുടെ ഉടമസ്ഥന്മാരാക്കാനുള്ള ഒരു പരിശ്രമമാണ് പട്ടയ മേളകൾ വഴി സർക്കാർ നടപ്പാക്കുന്നത് . ഭൂപരിഷ്കരണ  നിയമം നിലവിൽ വന്നിട്ട് 50 വർഷങ്ങൾ പിന്നിട്ട ഈ സാഹചര്യത്തിൽ കൈവശം വച്ചിരിക്കുന്ന ഭൂമിക്കു പട്ടയം നൽകുക എന്നതിനപ്പുറം ഒരു തണ്ടപ്പേരിന് പോലും അവകാശമില്ലാത്ത മുഴുവൻ പേരെയും ഭൂമിയുടെ ഉടമകളാക്കുകയാണ്‌  സർക്കാർ . 

അധിക ഭൂമി കൈവശം വയ്ക്കുന്നവരെ കണ്ടെത്തുന്നതിനായി ഒരു പൗരന് ഒരുതണ്ടപ്പേർ എന്ന സംവിധാനം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്സർക്കാർ, രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. ഒരു രണ്ടാം ഭൂപരിഷ്കരണ നിയമമായി ഇതിനെ തുലനം ചെയ്യാവുന്നതാണ്. അധിക ഭൂമി കണ്ടെത്താനും മിച്ചഭൂമി കേസ്സുകൾ തീർപ്പാക്കാനും കഴിഞ്ഞാൽ ഭൂരഹിതരായ വലിയൊരു വിഭാഗത്തിന് ഭൂമി നൽകാനും കഴിയും. ഇതെല്ലാം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരുസമഗ്രമായ ഭൂനയത്തിന് സർക്കാർ ലക്ഷ്യം വെക്കുകയാണ്.

കേരളത്തിന്റെ കുടിവെള്ള വിതരണ ഭൂപടം തന്നെ മാറ്റിയെഴുതുന്ന ജലജീവൻ മിഷൻ
 
സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതിപ്രവർത്തനം തുടങ്ങി ഒന്നരവർഷം പിന്നിടുമ്പോൾ നൽകിയ കണക്ഷനുകളുടെ എണ്ണം 11 ലക്ഷം പിന്നിട്ടിരിക്കുന്നു. ജലജീവൻ മിഷൻ പദ്ധതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച 2019 ഓഗസ്റ്റ് 15-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ള 70.69 ലക്ഷം ഗ്രാമീണ വീടുകളിൽ 16.64 ലക്ഷം വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത് (23.54 ശതമാനം). 01-01-2022 ലെ കണക്കനുസരിച്ച് 40.47% വീടുകൾക്ക് കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-പ്രളയകാല പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് പദ്ധതിയിൽ ചിട്ടയായ വളർച്ചയും ഗതിവേഗവും ദൃശ്യമാകുന്നുണ്ട്.  നിലവിൽ സംസ്ഥാനത്ത് ആകെ 28.61 ലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ  ലഭ്യമായിട്ടുണ്ട്.  മിഷൻ പദ്ധതിപ്രകാരം ഇനി 42 ലക്ഷത്തോളം വീടുകൾക്കാണ് കുടിവെള്ള കണക്ഷൻ നൽകേണ്ടത്. ഇത് 2024ഓടെ കൊടുത്തുതീർക്കുകയാണ് ലക്ഷ്യം. കേരളത്തിൽ നദികൾ പോലെ സുസ്ഥിര സ്രോതസ്സുകൾ ആശ്രയിച്ചുള്ള പദ്ധതികളിൽനിന്നാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.  ഇപ്രകാരമുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിന് കുറഞ്ഞത് 24 മുതൽ 30 മാസത്തോളം വേണ്ടിവരും. മാത്രമല്ല ഇതിലൂടെ ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2022

sitelisthead