പൊതുജനങ്ങൾ  അടിയന്തരഘട്ടങ്ങളിൽ വിളിക്കുന്ന 112ലെ സേവനങ്ങൾ പരിഷ്‌ക്കരിച്ചു.  പൊലീസ്, ഫയർ, ആംബുലൻസ് തുടങ്ങിയ അടിയന്തര സഹായങ്ങൾക്ക്‌ വാട്സാപ്പ്, ചാറ്റ് ബോക്സ് വഴിയും 112 ലേക്ക്‌ വിളിക്കാം. പരാതിക്കാരന്റെ ലൊക്കേഷൻ തത്സമയം പൊലീസിന് തിരിച്ചറിയാനാകുന്നതിനാൽ എത്രയും വേഗം സഹായം എത്തിക്കും. നിലവിലുള്ളതിനേക്കാളും മൂന്ന് മിനിട്ട് മുമ്പ് സേവനം ലഭ്യമാകും. 112 ഇന്ത്യ ആപ്ലിക്കേഷൻ വഴിയുള്ള ട്രാക്ക് മീ സംവിധാനം ഉപയോഗിച്ചും പൊലീസുമായി ബന്ധപ്പെടാം. 

തടസ്സമില്ലാതെ ആശയ വിനിമയം നടത്താൻ മുഴുവൻ പൊലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജിപിഎസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കാനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

നിലവിൽ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന കാളുകൾ, ശബ്ദ സന്ദേശങ്ങൾ, എസ്എംഎസുകൾ, ഇമെയിലുകൾ, പാനിക് - എസ്ഒഎസ് സന്ദേശങ്ങൾ എന്നിവ എത്രയും വേഗം സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമായ സഹായം ലഭ്യമാക്കിയിരുന്നു.​ 

കേരളത്തിൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും എത്തുക. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് ജിപിഎസ് സഹായത്തോടെ സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലെ ടാബിലേക്ക്‌ സന്ദേശം കൈമാറും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താൽകാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേക്ക് വിളിക്കാം. മൊബൈൽ ഫോണുകളിലും ലാൻഡ് ഫോണിലും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലൂടെയും സേവനം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2025

sitelisthead