സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കായി കൈറ്റ്(KITE)-വിക്ടേഴ്സ് ചാനലുമായി സഹകരിച്ച് 'റീൽസ് മത്സരം' സംഘടിപ്പിക്കുന്നു. 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' എന്നതാണ് വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, അടിസ്ഥാനസൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്‌സ് വിദ്യാർഥികൾ തങ്ങളുടെ സ്‌കൂളിനെക്കുറിച്ച് ഒരു മിനിറ്റിൽ കവിയാത്ത റീൽ നിർമ്മിക്കണം. സ്വന്തം സ്‌കൂളിനെക്കുറിച്ചോ, ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ ഇല്ലാത്ത സമീപപ്രദേശത്തെ സ്‌കൂളുകളെക്കുറിച്ചോ റീൽ നിർമ്മിക്കാം. തെരഞ്ഞെടുത്ത മികച്ച റീലുകൾ കൈറ്റ്-വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്ക് 5000 രൂപ ക്യാഷ് അവാർഡ് നൽകും.

റീൽ വെർട്ടിക്കൽ രൂപത്തിൽ വേണം ഷൂട്ട് ചെയ്യാൻ. കൈറ്റിന്റെ വെബ്സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് നിർബന്ധമായും ഉപയോഗിച്ചിരിക്കണം. നിർമ്മിച്ച റീൽ സ്‌കൂളിന്റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്സ് ചാനലിനെ ടാഗ് ചെയ്യണം.  #എന്റെസ്‌കൂൾഎന്റെഅഭിമാനം , #MySchoolPride #victerseduchannel  ഹാഷ്ടാഗുകൾ ഉൾപ്പെടുത്തണം. സ്‌കൂൾ പ്രഥമാധ്യാപകർ റീലുകൾ  ഒക്ടോബർ ഒൻപതിനകം 8714323499എന്ന വാട്സാപ് നമ്പരിൽ ലഭ്യമാക്കണം.

വിവരങ്ങൾക്ക് : www.kite.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2025

sitelisthead