സ്വകാര്യ ഭൂമിയിൽ വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയായ ‘ട്രീ ബാങ്കിങ് പദ്ധതി’യിൽ അപേക്ഷ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിനു ഭൂമി കൈവശമുള്ളവർക്കോ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്യാം.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിന് ശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം.
പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനം വകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടേണ്ടതാണ്. വിവരങ്ങൾക്ക് തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. ഫോൺ നമ്പർ: 0471 2360462 . വിശദവിവരങ്ങൾ വനം വകുപ്പ് വെബ്സൈറ്റിൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025