സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, പകർച്ചവ്യാധികൾ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജില്ലകൾക്കും ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി.
പ്രധാന നിർദേശങ്ങൾ:
* വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും മതിയായ ലഭ്യത ഉറപ്പാക്കണം.
* ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുമ്പോൾ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
* ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
* രോഗലക്ഷണങ്ങൾ അവഗണിക്കരുത്: പനി, വയറുവേദന, ഛർദ്ദി, ക്ഷീണം തുടങ്ങിയ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
പ്രത്യേക ശ്രദ്ധ വേണ്ട രോഗങ്ങൾ:
ഡെങ്കിപ്പനി : മഴക്കാലത്ത് ഡെങ്കിപ്പനി സാധ്യത കൂടുതലാണ്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും കൊതുകിന്റെ ഉറവിടങ്ങളായ വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ടയറുകൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കി വെള്ളം ഒഴിവാക്കുകയും ചെയ്യണം.
എലിപ്പനി : ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവരും ഗംബൂട്ട്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കണം. അത്തരം സാഹചര്യങ്ങളിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നത് എലിപ്പനിയെ പ്രതിരോധിക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് കഴിക്കുക. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യുന്നത് കർശനമായി ഒഴിവാക്കുക.
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ് : ഈ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക. മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യരുത്, രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സമ്പർക്കം പരിമിതപ്പെടുത്തുകയും വ്യക്തിഗത സാധനങ്ങൾ പങ്കുവെക്കാതിരിക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക.
മഴക്കാലത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് രോഗങ്ങളെ അകറ്റിനിർത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2025