കേരളത്തെ ആഗോള തൊഴിൽ ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുന്നതിനുള്ള കേരള സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പായ   വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  "സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ്"  ഓഗസ്റ്റ് 29, 30 തീയതികളിൽ കൊച്ചിയിലെ ഹയാത്ത് റീജൻസിയിൽ നടക്കും. 

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻ്റെ  (K-DISC) നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ ഗ്ലോബൽ സ്കിൽ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. 

വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, സംരംഭകർ, യുവപ്രതിഭകൾ എന്നിവർ കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുന്നണിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഈ സമ്മിറ്റിൽ പങ്കെടുക്കും.

കേരളം ആഗോള വ്യവസായങ്ങളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ   നൈപുണ്യ ആവശ്യങ്ങൾ, നൈപുണ്യ വികസനത്തിലെ നൂതനമായ രീതികൾ, സംരംഭകത്വം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടി ഊന്നൽ നൽകും. 

കേരളത്തിലെ യുവജനങ്ങളെ ലോകോത്തര തൊഴിൽ സാധ്യതകൾക്ക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ  ഉച്ചകോടിക്ക് രൂപം നൽകിയിരിക്കുന്നത്. നൈപുണ്യം, നൂതന സാങ്കേതികവിദ്യ, തൊഴിൽ, സംരംഭകത്വം എന്നിവ തമ്മിൽ ശക്തമായ ഒരു ബന്ധം സ്ഥാപിക്കുന്നതിലൂടെ കേരളത്തെ ഒരു ലോകോത്തര തൊഴിൽ കേന്ദ്രമായി മാറ്റാൻ ഈ സമ്മിറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചരിത്രപരമായ ഈ സമ്മിറ്റിൻ്റെ ഭാഗമാകാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ skillconclave.kerala.gov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-08-2025

sitelisthead