കലകൾ

ചരിത്രാതീത കാലം മുതൽ തന്നെ കേരളത്തിൽ കലയുടെ ചരിത്രവും ആരംഭിക്കുന്നുണ്ട്. ബി.സി. 6000 വരെ പഴക്കമുള്ള ഗുഹാചിത്രങ്ങൾ വയനാട്ടിലെ എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ ജീവിതത്തിന്റെ ഭാ​ഗമായ കലകൾ ഇന്ന് മലയാളികളുടെ സ്വത്വത്തിന്റെ ഭാ​ഗം തന്നെയാണ്. വെെവിധ്യമേറിയ കേരള സംസ്കാരത്തിൽ വിവിധ ജാതി-മത-ആചാര-വിശ്വാസങ്ങളുമായി ബന്ധപ്പെട്ട നിരവധി കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്. ഈ കലാപാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിച്ച് കാലാനുസൃതമായി പുതുക്കുകയും കൂടുതൽ ജനകീയമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തിലെ കലാരൂപങ്ങൾ സാമൂഹിക-സാമ്പത്തിക ഘടനയിൽ അവിഭാജ്യ ഘടകമാണ്. വിവിധ കലാരൂപങ്ങൾ അഭ്യസിക്കാനും ആസ്വദിക്കാനും കൂടുതൽ അവസരങ്ങളൊരുക്കി കലാരംഗത്തെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണ് സാംസ്കാരിക കേരളം.

കലകളെ പ്രധാനമായും ലളിത കലകളെന്നും അവതരണ കലകളെന്നും രണ്ടായി തിരിക്കാം.

1. ലളിത കലകൾ 

മനുഷ്യന്റെ മധുരാനുഭൂതി മാത്രം ലക്ഷ്യം വയ്ക്കുന്നതാണ് ലളിത കലകൾ അഥവാ സുകുമാര കലകൾ. അതായത് വിനോദവും ആത്മസംതൃപ്തിയും പ്രദാനം കലാരൂപങ്ങളാണിവ. സൗന്ദര്യാനുഭൂതിയാണ് ലളിത കലകളുടെ ജീവൻ. സംഗീതം, നൃത്തം, നാടകം, സാഹിത്യം ഇവയൊക്കെ ലളിതകലാവിഭാഗത്തിൽപ്പെടുന്നവയാണ്. ഇവയിൽ അനുകരണാത്മക കല സം​ഗീതവും അഭിനയ പ്രധാനമായ കല നാടകം, നൃത്തം എന്നിവയും ആശയാവിഷ്കരണ ശക്തി കൂടുതൽ വേണ്ട കല സാഹിത്യവുമാണ്.

2. അവതരണ കലകൾ

മനുഷ്യജീവിതവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തിന്റെ അവതരണകലാ സംസ്കാരം. സംഗീതത്തിന്റേയോ നൃത്തത്തിന്റേയോ അകമ്പടിയോടുകൂടി ഏതെങ്കിലും വേദികളിൽ അവതരിപ്പിക്കുന്ന കലകളാണ് അവതരണ കലകൾ. ക്ഷേത്ര ആചാരങ്ങളുമായോ മറ്റു ജാതി-മതപരമായ വിശ്വാസങ്ങളുമായോ ചേർന്ന് കിടക്കുന്നവയാണ് കേരളത്തിലെ മിക്ക കലാരൂപങ്ങളും. കേരളത്തിന്റെ സാംസ്കാരികത്തുടർച്ചയുടെ ജീവധാരയായ അവതരണകലകളിൽ,  ഐതിഹ്യങ്ങളും പുരാണങ്ങളും നാട്ടറിവുകളും പാരമ്പര്യ വഴക്കങ്ങളും നിറഞ്ഞു നിൽക്കുന്നു. കഥകളി, മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന, കൂടിയാട്ടം, കൂത്ത്, കൃഷ്ണനാട്ടം, കാക്കാരിശ്ശി നാടകം, തുള്ളൽ, ദഫ്മുട്ട്, മാർഗം കളി എന്നിങ്ങനെ ധാരാളം അവതരണകലകൾ‌ കേരളത്തിന്റെ സ്വന്തമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 11-04-2024

ലേഖനം നമ്പർ: 1384

sitelisthead