Press Releases

 
രേഖകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം
 
പ്രളയക്കെടുതിയില്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് ഇവ നല്‍കാന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവരസാങ്കേതികവിദ്യാ വകുപ്പ് മറ്റു വകുപ്പുകളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി നിര്‍വഹണത്തിനുള്ള സോഫ്റ്റ് വെയർ ധൃതഗതിയില്‍ തയാറാക്കുകയാണ്. 
 
രേഖ നഷ്ടപ്പെട്ടയാളുടെ പേര്, മേല്‍വിലാസം, പിന്‍കോഡ്, വയസ്, ഫോണ്‍നമ്പര്‍, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രധാനരേഖകള്‍ സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് വികസിപ്പിക്കുന്നത്. പേരിലും മറ്റും അന്തരം ഉണ്ടെങ്കിലും കണ്ടുപിടിക്കാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനത്തിന്റെ രൂപകല്‍പന.
 
സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍ വഴി പൗരന്റെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശ്യം. പ്രാരംഭമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അവരുടെ ഡാറ്റാബേസുകള്‍ വിവര സാങ്കേതികവിദ്യാ വകുപ്പുമായി പങ്കുവയ്ക്കാനുള്ള നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം സെപ്റ്റംബർ 30ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഡ്യൂപ്ലിക്കേറ്റ് രേഖകള്‍ക്ക് ഫീസ് ഈടാക്കരുത്
 
പ്രളയക്കെടുതിയെത്തുടര്‍ന്ന് വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യൂണിവേഴ്‌സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ ഫീസ് ഈടാക്കരുതെന്ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവായി.
 
നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്: ഒക്‌ടോബര്‍ 31 വരെ അപേക്ഷിക്കാം
 
2017 -18 വര്‍ഷം (നവംബര്‍  2017) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് യോഗ്യത പരീക്ഷ പാസായ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് (ഇപ്പോള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍) 2018 -19 വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഫ്രഷ് അപേക്ഷകര്‍ സമര്‍പ്പിക്കണം. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ (3473)  വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ എല്ലാ കുട്ടികളും നിര്‍ബന്ധമായും പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷിക്കണം. പ്രതിമാസം 1000 രൂപ നിരക്കില്‍ ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പ് തുകയായി 12,000 രൂപ ലഭിക്കും. ഒന്‍പത്,10,11,12 എന്നീ നാലു ക്ലാസുകളിലേയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 31.
 
സഹകരണമേഖല സമ്പൂര്‍ണമായി അഴിമതിരഹിതമാക്കും:  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
* സഹകരണ നിക്ഷേപ ഗ്യാരന്റി  പത്രം സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്തു
 
സഹകരണമേഖലയെ സമ്പൂര്‍ണമായി അഴിമതിരഹിതമാക്കുകയും ഇടപാടുകാര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയോടെ സഹകരണ സ്ഥാപനങ്ങളെ സമീപിക്കാവുന്ന സാഹചര്യമൊരുക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കുന്നതിന് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് നടപ്പിലാക്കുന്ന നിക്ഷേപ ഗ്യാരന്റി പത്രം സംസ്ഥാനതല വിതരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
 
രാജ്യത്തെ മറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍  സഹകരണ ബാങ്കുകളില്‍ അഴിമതി കുറവാണ്. വലിയതോതില്‍ പലിശ വാഗ്ദാനം ചെയ്ത്   വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് മുങ്ങുന്ന ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ ് രാജ്യത്തുടനീളമുണ്ട്. അത്തരം ചതികളില്‍ വീഴാതിരിക്കാന്‍ നിക്ഷേപ ഗ്യാരന്റിയുള്ള സ്ഥാപനങ്ങളില്‍  നിക്ഷേപം നടത്താന്‍  ജനങ്ങള്‍ ശ്രദ്ധിക്കണം. 
 
സഹകരണ ബാങ്കുകള്‍ സമാഹരിക്കുന്ന പണം നാടിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്. സഹകരണ നിക്ഷേപ ഗ്യാരന്റി  സ്‌കീമില്‍ പങ്കാളിത്തമുള്ള സഹകരണ സംഘങ്ങളില്‍ മാത്രം പണം നിക്ഷേപിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും നിക്ഷേപകന് പരമാവധി ഒന്നരലക്ഷം രൂപവരെ ഗ്യാരന്റി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.  
 
നിക്ഷേപ ഗ്യാരന്റി  പത്ര വിതരണത്തിന്റെ ഉദ്ഘാടനം വി. ജോയ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്സ്,  സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ വി. സനല്‍കുമാര്‍, സഹകരണ നിക്ഷേപ ഗ്യാരന്റി  ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍മാരായ എം.എസ്.ശ്രീവത്സന്‍, കെ. അനില്‍കുമാര്‍, കെ. മധുസൂദനന്‍, പി.ഉണ്ണികൃഷ്ണപിള്ള, കെ.കെ. ഏലിയാസ് എന്നിവര്‍ സംബന്ധിച്ചു. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ് സ്വാഗതവും സഹകരണ നിക്ഷേപ ഗ്യാരന്റി  ഫണ്ട് ബോര്‍ഡ് സെക്രട്ടറി ഡി.കെ. പ്രീത നന്ദിയും പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോസ്റ്റ്  ഓഫീസുകള്‍ വഴി പണമടയ്ക്കാം
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും പണമടയ്ക്കാം. രാജ്യത്തെ 14,000 പോസ്റ്റ് ഓഫീസുകളിലെ ഇ ബില്ലര്‍ സംവിധാനം വഴിയാണ്  ഈ സേവനം സാധ്യമാകുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പോസ്റ്റ് ഓഫീസ് വഴി അടയ്ക്കുന്ന പണം തിരുവനന്തപുരം ജി.പി.ഒയിലേക്ക് ഇലക്‌ട്രോണിക്‌സ് സംവിധാനം വഴിയെത്തും. ജി.പി.ഒയില്‍ നിന്ന് ചെക്ക്/ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രെഡിറ്റാവും. സംവിധാനത്തിന്റെ ഇ-ബില്ലര്‍ ഐ.ഡി : 15001. ഇ-ബില്ലറുടെ പേര്: സി.എം റിലീഫ് ഫണ്ട്.
 
കൂടുതൽ പത്രക്കുറിപ്പുകൾക്കായി സന്ദർശിക്കുക: prd.kerala.gov.in