
സാമൂഹ്യവികസനത്തിൽ ലോകശ്രദ്ധയാകർഷിച്ച വികസന മാതൃക സമഗ്രമേഖലകളിലേക്കും വ്യാപിപ്പിച്ച് നവകേരളനിർമിതിയിലേക്കുള്ള അതിനൂതന പാതയിൽ കേരളം. പശ്ചാത്തല സൗകര്യ വികസനം, സംരംഭകത്വം, ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ്, വിദ്യാഭ്യാസം, ആരോഗ്യം, വിനോദ സഞ്ചാരം, സാമൂഹ്യ സുരക്ഷ തുടങ്ങി വിവിധ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക മേഖലകളിൽ അഭൂതപൂർണമായ വികസന നാഴികക്കല്ലുകളാണ് സംസ്ഥാനം പിന്നിടുന്നത്.
2028ൽ യാഥാർത്ഥ്യമാകുന്ന വിഴിഞ്ഞം ലോകത്ത് തന്നെ ശ്രദ്ധയാകർഷിച്ച പദ്ധതിയാണ്. രാജ്യത്തെ ആദ്യത്തെ സമർപ്പിത ട്രാൻസ്ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്തേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മദർഷിപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. ട്രയൽ റൺ ഘട്ടത്തിൽ 137 കപ്പലുകളും 2,75,000 കണ്ടെയ്നറുകളും കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം 2028 ഓടെ പൂർത്തിയാകും. പശ്ചാത്തലസൗകര്യ വികസനത്തിൽ ദ്രുതഗതിയിൽ മുന്നേറുന്ന സംസ്ഥാനം ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, കൊച്ചി-ഇടമൺ പവർ ഹൈവേ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ പോലെ നിരവധി പദ്ധതികൾക്കാണ് പുതുജീവനേകിയത്. എട്ടു വർഷത്തിനിടെ 8400 കോടി ദുരിതശ്വാസ നിധിയിൽ നിന്ന് ജനങ്ങൾക്ക് സർക്കാർ വിതരണം ചെയ്തു. വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളിൽ വലിയ വളർച്ചയുള്ള സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. 2016നു ശേഷം ഇതുവരെ 6100 സ്റ്റാർട്ടുപ്പുകൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 5800 കോടി രൂപയുടെ നിക്ഷേപവും 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതിയാണുള്ളത്. ഐടി പാർക്കുകളിൽ ഇപ്പോൾ 1,47,200 പേർ തൊഴിലെടുക്കുന്നു. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിൽ ഇന്ത്യയിൽ തന്നെ കേരളം ഒന്നാമതാണ്. വ്യവസായ മേഖലയിൽ സംരംഭക വർഷത്തിന്റെ ഭാഗമായി 3,41,636 സംരംഭങ്ങൾ ആരംഭിക്കുകയും ഇതുവഴി 21,920.88 കോടി രൂപയുടെ നിക്ഷേപവും 7,24,590 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. ഇതിൽ ഒരു ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിച്ചത് വനിതകളാണ്.
നിര്‍ധനര്‍ക്ക് കൈത്താങ്ങ്
സാധാരണക്കാരുടെ സുരക്ഷിതമായ ജീവിതത്തിന് രാജ്യത്തെ തന്നെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. 2016ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ നിലവിൽ 1600 രൂപയായി 63.67 ലക്ഷം പേർക്ക് നൽകിവരുന്നു. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 35,154 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ ഇതുവരെ 35,400 കോടി രൂപ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷ പെൻഷൻ വിഹിതത്തിൽ 98 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
പരമ്പരാഗത തൊഴിൽ മേഖലകളെയും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻകം സപ്പോർട്ട് ഇനത്തിൽ കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ 550 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഖാദി മേഖലയ്ക്ക് മാത്രം ഈ കാലയളവിൽ 437 കോടി രൂപയും കയർ മേഖലയ്ക്ക് 1600 കോടി രൂപയും കശുവണ്ടി മേഖലയ്ക്ക് 660 കോടി രൂപയും കരകൗശല മേഖലയ്ക്ക് 52 കോടി രൂപയും അനുവദിച്ചു. തൊഴിൽക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ആധുനികവൽക്കരണത്തിനും വിപണി കണ്ടെത്തലിനും സർക്കാർ പ്രാധാന്യം നൽകുന്നു. പരമ്പരാഗത തൊഴിൽമേഖലകളെ സംരക്ഷിക്കുന്നതിനും അവ നേരിടുന്ന പ്രശ്നങ്ങൾ സമഗ്രമായി വിലയിരുത്തുന്നതിനും സർക്കാർ ഊന്നൽ നൽകുന്നു.
സുരക്ഷിത ഭവനം; സ്വന്തം ഭൂമി
ലൈഫ് മിഷനിലൂടെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ബൃഹത്ത് ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ എട്ടുവർഷക്കാലയളവിൽ 4,27,736 വീടുകളാണ് നിർമിച്ചു നൽകിയത്. 1,11,306 വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാർപ്പിക്കാൻ പുനർഗേഹം പദ്ധതിയിലൂടെ 2578 കുടുംബങ്ങൾക്ക് ഭവനങ്ങൾ യാഥാർത്ഥ്യമായി. ഇതിൽ 390 എണ്ണം ഫ്ളാറ്റുകളാണ്. വിവിധ സ്ഥലങ്ങളിലായി 1,184 ഫ്ളാറ്റുകളുടെയും 1,240 വീടുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി 4628 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി. ആകെ 12,104 മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് വീടൊരുക്കാൻ സർക്കാരിനു കഴിഞ്ഞു.
സ്വന്തം ഭൂമി എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ആവിഷ്‌കരിച്ച പട്ടയമേള ഭരണമികവിന്റെ ഏറ്റവും വലിയ പ്രതിഫലനമാണ്. 10 വർഷം കൊണ്ട് 5 ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന സർക്കാർ ഇതുവരെ 3,57,898 പട്ടയങ്ങൾ വിതരണം ചെയ്തു. കാർഷികമേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാനും നെൽകൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പച്ചക്കറി കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്ക് വ്യാപിച്ചു. ക്ഷീരമേഖലയിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്ഷീരഗ്രാമം പദ്ധതി, നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച കേര ഗ്രാമം പദ്ധതിയിലൂടെ 98 കേരള ഗ്രാമങ്ങൾ ഈ കഴിഞ്ഞ സാമ്പത്തിക വർഷം യാഥാർത്ഥ്യമായി. 12.64 ലക്ഷം തെങ്ങിൻതൈകൾ വിതരണം ചെയ്തു. സർക്കാർ റബ്ബർ സബ്സിഡിക്കുള്ള തുക 600 കോടിയായി ഉർത്തുകയും താങ്ങുവില 180 രൂപയായും പ്രഖ്യാപിച്ചു.
ആര്‍ദ്രം ആരോഗ്യം
ആർദ്രം മിഷനിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ സർക്കാർ വീണ്ടെടുത്തു. മരുന്ന് ക്ഷാമം ഇല്ലാതാക്കുകയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. 688 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായി. പ്രതിവർഷം 1600 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി രാജ്യത്ത് തന്നെ സംസ്ഥാനം ഒന്നാമതാണ്. സർക്കാർ ആശുപത്രികളിൽ ട്രോമാകെയർ നെറ്റ്വർക്ക് സംവിധാനം നടപ്പിലാക്കി സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ആരോഗ്യവകുപ്പ്.
വിജ്ഞാന വിനോദ വികസനം
അടച്ചു പൂട്ടിയ സ്‌കൂളുകൾ അടക്കം ഏറ്റെടുത്ത് 5000 കോടിയുടെ നിക്ഷേപം പൊതുവിദ്യാലയങ്ങൾക്ക് പ്രാപ്യമാക്കിയ സർക്കാർ 10 ലക്ഷം കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം ജി സർവ്വകലാശാലകൾക്ക് എ++ റാങ്ക് ലഭിച്ചു. ശാസ്ത്രസാങ്കേതിക രംഗത്ത് വിപ്ലവം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ഗ്രാഫൈൻ ഇന്നൊവേഷൻ സെന്റർ, ഡിജിറ്റൽ സയൻസ് പാർക്ക്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ യാഥാർത്ഥ്യമായി.
കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. വിനോദസഞ്ചാരമേഖലയ്ക്ക് അഭിമാനകരമാകുന്ന നിരവധി നേട്ടങ്ങൾ, ബേപ്പൂർ മാതൃക ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ദേശീയ അംഗീകാരം ലഭിച്ചു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നാകെ ഇടംപിടിച്ചത് കേരളം മാത്രമാണ്. കടലുണ്ടി, കുമരകം എന്നിവ മികച്ച ടൂറിസം വില്ലേജുകൾക്കുള്ള ദേശീയ അംഗീകാരം നേടി. സർക്കാർ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി ഉയർത്തി വിനോദസഞ്ചാരരംഗത്തേക്ക് ആഗോള പ്രാധാന്യം സർക്കാർ ഉറപ്പാക്കി.
പവർകട്ടില്ലാത്ത കേരളം
പവർകട്ടില്ലാത്ത കേരളം എന്ന മികവിൽ നിൽക്കുന്ന സംസ്ഥാനത്ത് 2016-21 കാലയളവിൽ 400 മെഗാവാട്ട് വൈദ്യുതിയാണ് അധികമായി ഉത്പാദിപ്പിച്ചത്. തിരുനെൽവേലി- ഇടമൺ 400 കെവി അന്തർസംസ്ഥാന കോറിഡോറും തമിഴ്നാട് പുഗലൂർ- തൃശൂർ എച്ച് വി ഡി സി ലൈനും പൂർത്തിയാക്കി.
സഹകരണ മേഖലയും അടിമുടി മാറ്റങ്ങളുടെ പാതയിലാണ്. കേരളബാങ്ക് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ഫാർമേഴ്സ് പ്രൊഡ്യൂസിങ് കമ്പനികളിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുടിവെള്ളം എല്ലാ ജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ ശുദ്ധജല വിതരണം ഉറപ്പാക്കാൻ സർക്കാരിനു സാധിച്ചു. നിലവിൽ 54.50 ശതമാനം ഗ്രാമീണ വീടുകൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമീണ റോഡു നവീകരണത്തിന്റെ ഭാഗമായി 3540 റോഡുകളുടെ പുനരുദ്ധാരണത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതിജീവനത്തിന് കൈത്താങ്ങ്
വികസനത്തിനൊപ്പം ദുരന്തങ്ങളിൽ നിന്നുള്ള അതിജീവനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംസ്ഥാനത്ത് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അതിജീവിതർക്കായി നെടുമ്പാല, എൽസ്റ്റോൺ എസ്‌റ്റേറ്റുകളിൽ സർക്കാർ ഠൗൺഷിപ്പുകൾ ഒരുക്കുകയാണ്. മാനവവിഭവശേഷി വിനിയോഗിച്ച് സംസ്ഥാനത്തിനുള്ളിൽ ഒരു വിജ്ഞാന സമൂഹം പടുത്തുയർത്താനും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകാനും ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യം സൃഷ്ടിക്കാനും പൊതുജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഭരണമികവ് രാജ്യത്തിന് അഭിമാനവും ലോകത്തിന് മികച്ച മാതൃകയായും അംഗീകരിക്കപ്പെടുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-01-31 15:18:02
ലേഖനം നമ്പർ: 1647