കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് നെറ്റ് സീറോ എമിഷൻ. മനുഷ്യപ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങൾ എന്നിവ നെറ്റ് സീറോ എമിഷൻ പ്രദേശങ്ങളാക്കി മാറ്റും. 

ജൂൺ 5-നാരംഭിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പരിപാടികൾ

• പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങൾ നട്ടു പരിപാലിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ മരങ്ങളാണ് നടുക.
• കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കും.
• സഹകരണസ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കും. ഓഡിറ്റ് നടത്താൻ പരിശീലനം നൽകും.
• വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഹരിതയോഗ പ്രോട്ടോക്കോൾ തയാറാക്കി പ്രസിദ്ധീകരിക്കും.
• വകുപ്പിന്റെ സ്ഥാപനങ്ങൾ ഹരിത കെട്ടിടങ്ങളാക്കാൻ മാർഗരേഖ തയാറാക്കും.
• എൽ.ഇ.ഡി. ബൾബ്, പുനരുപയോഗക്ഷമമായ വസ്തുക്കൾ എന്നിവയുടെ ഉപയോഗം ഓഫീസുകളിൽ പ്രോത്സാഹിപ്പിക്കും.
• സൗരോർജ സംവിധാനം ഘട്ടം ഘട്ടമായി ഏർപ്പെടുത്തും.
• മാലിന്യനിർമാർജ്ജന പ്രോജക്ടുകൾ വ്യാപകമായി നടപ്പാക്കും.
• കടലാസ് ഉപയോഗം കുറയ്ക്കൽ, ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തൽ എന്നിവ ഫലപ്രദമായി നടപ്പിലാക്കും.
• ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കും.
• 2 വർഷം കൊണ്ട് സഹകരണവകുപ്പിന്റെ 20 % ഉത്പന്നങ്ങളും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ നേടുന്നതിന് ശ്രമിക്കും. എല്ലാ ഉത്പന്നങ്ങൾക്കും കാർബൺ ന്യൂട്രൽ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ദീർഘകാലപദ്ധതി നടപ്പാക്കും.
• കുടുംബശ്രീ, സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ മിയാവാക്കി കാടുകളുടെ മാതൃക രൂപീകരണം, പാർക്കുകൾ ഒരുക്കൽ, മഴവെള്ളസംഭരണം, എന്നിവ നടപ്പാക്കും.
• ഇതോടൊപ്പം, വരുന്ന ഒരു വർഷത്തെ കാർബൺ ഓഡിറ്റിംഗും നടത്തും.
• പദ്ധതിയുടെ ഭാഗമായി ഒരാഴ്ച മുതൽ 5 വർഷം വരെ നീളുന്ന അടിയന്തര- ഹ്രസ്വകാല - ഇടക്കാല - ദീർഘകാല പദ്ധതികൾ നടപ്പാക്കും. 

പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാനതലത്തിൽ സഹകരണ രജിസ്ട്രാറും ജില്ലാതലത്തിൽ ജോയിന്റ് രജിസ്ട്രാറും താലൂക്ക് തലത്തിൽ അസിസ്റ്റന്റ് രജിസ്ട്രാറും സ്ഥാപനതലത്തിൽ സ്ഥാപനമേധാവിയും ചെയര്പേഴ്സണായി കമ്മിറ്റികൾ രൂപീകരിക്കും. ജൂൺ 5ന് ഓരോ സംഘവും കുറഞ്ഞത് 10 വൃക്ഷത്തെകൾ പൊതുസ്ഥലങ്ങളിലടക്കം നട്ടു പരിപാലിക്കും. സംഘങ്ങളിൽ വൃക്ഷ തൈ ഉത്പ്പാദിപ്പിക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും.

സഹകരണസംഘം രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന 12,284 സംഘങ്ങളിലും ബ്രാഞ്ചുകളിലും 2 വർഷത്തിനുള്ളിൽ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗരോർജ പ്ലാന്റുകൾ നിർമിക്കും. ഓഫീസുകൾ ഹരിതകാര്യാലയങ്ങളാക്കും. ഊർജ സംരക്ഷണത്തിനും സുസ്ഥിരമാലിന്യ സംസ്കരണം, സുസ്ഥിര ഗതാഗതം എന്നിവയ്ക്കും പ്രാധാന്യം നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-05 14:06:14

ലേഖനം നമ്പർ: 1082

sitelisthead