രാജ്യത്തിന്റെ  പ്രശസ്ത സാംസ്കാരിക പരിപാടികളിൽ ഒന്നാണ് കേരള സംസ്ഥാന ചലച്ചിത്ര  അക്കാദമി നടത്തുന്ന  അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന  കാലിക പ്രസക്തിയുള്ള സിനിമകൾ ഉൾകൊള്ളുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള  കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിനു മികച്ച സംഭാവന നൽകുന്നു.

അന്തരിച്ച ഗായിക ലത മങ്കേഷ്കർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ്  26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകുന്നത്. ബംഗ്ലാദേശി  ചിത്രം രഹാന മറിയം നൂർ (Rehana Maryam Noor) ആണ് ഉദ്‌ഘാടന ചിത്രം. മാർച്ച് 18 മുതൽ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 173 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി, ന്യൂ തിയേറ്ററിലെ രണ്ടു സ്ക്രീനുകൾ, ഏരീസ് പ്ളക്സിലെ അഞ്ചു സ്ക്രീനുകൾ, അജന്ത, ശ്രീപത്മനാഭ  എന്നിങ്ങനെ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്.

വിവിധ രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പശ്ചാത്തലങ്ങളെ ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇരുപത്തിയാറാമതു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമാവുന്നത്.അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ 7 സിനിമകളും കലൈഡോസ്കോപ്പ് വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമ വിഭാഗത്തിൽ 86 സിനിമകളാണുള്ളത്. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാൻമർ എന്നീ സംഘർഷ ബാധിത മേഖലകളിൽനിന്നുള്ള സിനിമകളുടെ പാക്കേജ് ആയ ഫ്രെയിമിംഗ് കോൺഫ്ലിക്റ്റ്, പോർച്ചുഗീസ് സംവിധായകൻ മിഗ്വിൽ ഗോമസിൻെറ ചിത്രങ്ങൾ അടങ്ങിയ പാക്കേജ്, റെസ്റ്ററേഷൻ നടത്തിയ ക്ളാസിക് സിനിമകളുടെ പാക്കേജ്, ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ആയ ക്രിട്ടിക്സ് ചോയ്സ്, നെടുമുടി വേണു, കെ.പി.എ.സി. ലളിത, ബുദ്ധദേവ് ദാസ് ഗുപ്ത, കെ. എസ്. സേതുമാധവൻ, ഡെന്നിസ് ജോസഫ്, പി. ബാലചന്ദ്രൻ, ദിലീപ് കുമാർ, മാടമ്പ് കുഞ്ഞുക്കുട്ടൻ എന്നീ അന്തരിച്ച ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗം എന്നിവയും മേളയിലുണ്ട്.

ബംഗ്ളാദേശിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂർ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും.ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകൾക്കും കോളേജിലെ  വിദ്യാർഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്.  ഓസ്കാർ നോമിനേഷൻ, കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ ബംഗ്ളാദേശി ചിത്രം എന്നീ ബഹുമതികൾ സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകൻ അബ്‍ദുള്ള മുഹമ്മദ് സാദാണ്.ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

വാർദ്ധക്യത്തിന്റെ ആകുലതകൾ തുറന്നുകാട്ടുന്ന ഒൻപത് ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. നാടുവിട്ടു പോയ മകനെകാത്തിരിക്കുന്ന വൃദ്ധപിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ് സേതുമാധവൻ ചിത്രം മറുപക്കം മുതൽ ചൂതാട്ടക്കാരുടെ സംഘത്തിൽ നിന്നും മകനെ രക്ഷിക്കാനിറങ്ങുന്ന പിതാവിന്റെ വേദനകൾ പങ്കുവയ്ക്കുന്ന ജോർജിയൻ ചിത്രം ബ്രൈറ്റൻ ഫോർത്ത് വരെ ഉൾപ്പെടുന്ന ചിത്രങ്ങൾ മേളയിലെ വിവിധ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സ്പാനിഷ് ചിത്രം പെർഫ്യൂം ഡി ഗാർഡിനിയസ്,കോവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ,അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിങ് ;ഡെത്ത് ഈസ് സാൽവേഷൻ എന്നിവയും വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളെയാണ് പ്രമേയമാക്കിയിരിക്കുന്നത്. മലയാള സിനിമകളായ നോർത്ത് 24 കാതം,മാർഗം,ആർക്കറിയാം ,ഉദ്ധരണി എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്.

ലിസ ചലാന്റെ ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ വനിതകളുടെ 38 ചിത്രങ്ങൾ ചലച്ചിത്രമേളയുടെ ഭാഗമാവുന്നത് ശ്രദ്ധേയമാണ്. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന്റെ അഭ്രപാളിയിലെ പോരാട്ടം 'ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 38 വനിതകളുടെ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തും. മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ്. നടാഷ മെർകുലോവ,ദിനാ അമീറാ,ഗ്രീക്ക് സംവിധായിക ജാക്‌ലിൻ ലെൻസു , ബെൽജിയം സംവിധായിക ലോറാ വാൻഡൽ ,ദിന ഡ്യുമോ ,ശ്രീലങ്കൻ സംവിധായിക അശോക ഹന്തഗാമ,ബൊളീവിയൻ സംവിധായിക കാറ്റലിനാ റാസ്സിനി ,സ്പാനിഷ് സംവിധായിക  ഇനെസ് മരിയ ബരിയോന്യുവോ തുടങ്ങി ലോക പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളാണ് മേളയിലെ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത്. ത്രീ ഡോട്സ് എന്ന ആദ്യ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ അഫ്‌ഗാൻ സംവിധായിക റോയ സാദത്തിന്റെ  ഓസ്ക്കാർ നോമിനേഷൻ ലഭിച്ച ചിത്രം ലെറ്റർ ടു ദി പ്രസിഡന്റ്, റോബോട്ടുകൾക്കൊപ്പമുള്ള ആധുനിക ജീവിതം അടയാളപ്പെടുത്തുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികൾ ചിത്രീകരിക്കുന്ന സഹ്‌റ കരീമിയുടെ ഹവ ,മറിയം, ഐഷ,ബെയ്‌റൂട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മൗനിയാ അക്ൽ ചിത്രം കോസ്റ്റാ ബ്രാവ,ലെബനൻ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മധുജ മുഖർജി , അപർണാ സെൻ , മലയാളി സംവിധായിക താര രാമാനുജൻ എന്നിവരാണ് മേളയിലെ  ഇന്ത്യൻ വനിതാ സാന്നിധ്യം.

മൺ മറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തരമേള അഭ്ര പാളിയിൽ ആദരമൊരുക്കും.ബംഗാളി സംവിധായകനായ  ബുദ്ധദേവ് ദാസ് ഗുപ്‌ത , നടൻ ദിലീപ് കുമാർ, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ , മലയാളത്തിന്റെ അഭിമാനം കെ .എസ് .സേതുമാധവൻ,കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവർത്തകർക്കാണ് മേള ആദരമൊരുക്കുന്നത്. ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ, പി .ബാലചന്ദ്രൻ എന്നിവരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കെ പി എ സി ലളിത ,മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരുടെ ഓർമ്മയ്ക്കായി  ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രം പ്രദർശിപ്പിക്കും . കെ എസ് സേതുമാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറുപക്കം ,പി ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ, ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ദിലീപ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും  ലതാ മങ്കേഷ്‌കർ പിന്നണി പാടിയതുമായ  മുഗൾ-ഇ-ആസം, ബുദ്ധദേവ് ദാസ് ഗുപ്ത സംവിധാനം ചെയ്ത  നീം അന്നപൂർണ്ണ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

അഫ്‌ഗാനിലെ സംഘർഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കുന്ന അഞ്ചു ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. സഹ്‌റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത്   എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ ഒൻപതുവയസുകാരൻ്റെ ദുരിത ജീവിതം  ഒരു ഫോട്ടോജേർണലിസ്റ്റ് ചലച്ചിത്രമാക്കുന്നതാണ് ഗ്രനാസ് മൗസാവിയുടെ  വെൻ പോമഗ്രനേറ്റ്സ് ഹൗളിൻ്റെ പ്രമേയം.ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷയിലൂടെ ചിത്രീകരിക്കുന്നത്. അഫ്ഗാനിലെ സ്ത്രീ വിരുദ്ധ മനോഭാവത്തിനെതിരെയുള്ള പോരാട്ടമാണ് എ ലെറ്റർ ടു ദ പ്രസിഡന്റിൻ്റെ പ്രമേയം.ഗോൾഡൻ ഗ്ലോബ്‌ പുരസ്‌കാരജേതാവ് സിദ്ധിഖ് ബർമാകിൻ്റെ ഓപ്പിയം വാർ ,അഫ്ഗാനിൽ നിന്നും ഇറാഖിലേക്ക് കുടിയേറിയ നവീദ് മഹ്‌മൗദി ഒരുക്കിയ ഡ്രൗണിംഗ് ഇൻ ഹോളി വാട്ടർ, എന്നിവയാണ്  ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.ഫ്രെമിങ് കോൺഫ്ലിക്ട്, വേൾഡ് സിനിമ, ജൂറി ഫിലിംസ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. സെനഗൽ ,സോവിയറ്റ് യൂണിയൻ, തായ്‌വാൻ , യുണൈറ്റഡ് കിങ്ഡം ,ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ ആറു ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. സെനഗൽ ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രം ജിബ്രിൽ ദിയോപ് മംബെറ്റിയുടെ ദി ജേർണി ഓഫ് ദി ഹൈന, അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രതിപാദിക്കുന്ന ദി കളർ ഓഫ് പൊമേഗ്രനേറ്റ്സ്, എഡ്വേർഡ് യാങ് സംവിധാനം ചെയ്ത തായ്‌വാൻ ചിത്രം തായ്പേയ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉള്ളത്. ഒരു സിനിമാ താരത്തിന്റെ ജീവിതം പ്രമേയമാക്കിയ യു എസ് ചിത്രം റെഡ് ഷൂസ് , ജാപ്പനീസ് ചിത്രങ്ങൾക്ക് ആഗോള സ്വീകാര്യത നേടിക്കൊടുത്ത കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഉഗെറ്റ്സു എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.

കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി ചിത്രം എ ഹീറോ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉണ്ട് . കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരൻ രണ്ട് ദിവസത്തെ പരോളിൽ നാട്ടിലെത്തുമ്പോഴുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്.ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രത്തിന് കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ,ക്രിട്ടിക്സ്  അസോസിയേഷൻ ഓഫ്  സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്‌ഗാർ ഫർഹാദിയുടെ ഒൻപതാമത്തെ ചിത്രമാണ് എ ഹീറോ. ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

ലോകത്തിന്റെ സൗന്ദര്യം സംഘർഷം എന്നീ ആശയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച 86 സിനിമകൾ പ്രദർശനത്തിനുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകൾ .അഫ്‌ഗാൻ ,ഇറാഖ് തുടങ്ങിയ സംഘർഷ ഭൂമികൾ ഉൾപ്പടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ  പ്രദർശിപ്പിക്കുന്നത്. ഓസ്കാർ നോമിനേഷൻ നേടിയ ഡ്രൈവ് മൈ കാർ, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച റിപ്പിൾസ് ഓഫ് ലൈഫ്, പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ, അഹെഡ്‌സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സൺ ചിൽഡ്രൻ,ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ഒരു അൽബേനിയൻ വിധവയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ഹൈവ്, യുക്രൈനിലെ മാതൃജീവിതങ്ങളെ പ്രമേയമാക്കിയ 107 മദേഴ്സ്, കൗമാരക്കാരുടെ പ്രണയം ചിത്രീകരിക്കുന്ന ഫ്രഞ്ച് ചിത്രം എ ടൈൽ ഓഫ് ലവ് ആൻഡ് ഡിസൈയർ, ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബെല്ലാഡ് ഓഫ് എ വൈറ്റ് കൗ തുടങ്ങിയ ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യൻ സംവിധായകരായ നടേശ് ഹെഗ്‌ഡെ, പ്രസൂൺ ചാറ്റർജി എന്നിവരുടെ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഗോവധത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് നടേശ് ഹെഗ്‌ഡെ സംവിധാനം ചെയ്ത പെർഡോയുടെ പ്രമേയം. മതം സൗഹൃദത്തിൽ ഏൽപ്പിൽക്കുന്ന ആഘാതമാണ് പ്രസൂൺ ചാറ്റർജിയുടെ ടു ഫ്രണ്ട്‌സ് ചർച്ച ചെയ്യുന്നത്. റോബോട്ടുകളോടൊപ്പമുള്ള മനുഷ്യജീവിതത്തെ ആവിഷ്ക്കരിക്കുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ അടക്കം 23 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചാകളുമായി എട്ട് എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും .അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിൻ്റെ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന നവീദ് മഹ്‌മൗദിയുടെ ഡ്രൗണിങ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബർമാകിൻ്റെ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. ഹിനെർ സലീം സംവിധാനം ചെയ്‌ത കിലോമീറ്റർ സീറോ, ബഹ്‌മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാഖ്-കുർദ് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന യുവ സൈനികരുടെ സാഹസിക ജീവിതമാണ് കിലോമീറ്റർ സീറോയുടെ പ്രമേയം. മേളയിൽ 26 മലയാള ചിത്രങ്ങളാണുള്ളത്  ,ഇതിൽ മൂന്നു ചിത്രങ്ങളുടെ ആദ്യപ്രദർശനമാണ്. 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ള നോട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനവും മേളയിലുണ്ട്.രാഹുൽ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകൻ .
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് , ഉദ്ധരണി, അവനോവിലോന, ബനേർ ഘട്ട, പ്രാപ്പേട,ചവിട്ട്,സണ്ണി,എന്നിവർ,നിറയെ തത്തകളുള്ള മരം, ആർക്കറിയാം, വുമൺ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.തമ്പ് ,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടൻ നെടുമുടി വേണുവിന് ആദരമായി മേളയിൽ പ്രദർശിപ്പിക്കുന്നത്. കെ പി എ സി ലളിത ,പി ബാലചന്ദ്രൻ, മാടമ്പ് കുഞ്ഞുകുട്ടൻ,ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും  സായന്തനങ്ങളിൽ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മാർച്ച് 18 ന് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിനുള്ള ശ്രദ്ധാഞ്ജലിയായി പിന്നണി ഗായിക ഗായത്രി അശോകനും, അക്കോഡിയനിസ്റ്റ് സൂരജ് സാത്തെയും അവതരിപ്പിക്കുന്ന ഗാനാഞ്ജലിയോടെയാണ് സാംസ്കാരിക സന്ധ്യകൾക്ക് തുടക്കമാകുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഈ പരിപാടി നടക്കുക. മാർച്ച് 19 ന് ടാഗോർ തിയേറ്ററിൽ ഷഹബാസ് അമന്റെ സംഗീത സദസും ,21 ന് ഗോത്രകലാമേളയും 23 ന് പുഷ്പവതിയുടെ കർണ്ണാടിക് ഫ്യൂഷനും ,24 ന് നവനീത ചന്ദ്രിക എന്ന ഗാനാഞ്ജലിയും നടക്കും. മാർച്ച് 25 ന് നിശാഗന്ധിയിൽ മധുശ്രീ നാരായണൻ ,രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷൻ ഗാനസന്ധ്യയോടെയാണ് മേളയ്ക്ക് സമാപനം കുറിക്കുന്നത്.

നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയേറ്ററുകളിലും 100 ശതമാനം സീറ്റുകളിലും റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഉദ്ഘാടന, സമാപന ദിവസങ്ങളായ 18നും 25നും റിസർവേഷൻ ഉണ്ടായിരിക്കുന്നതല്ല. റിസർവേഷൻ ചെയ്യുന്നതിനായി ടാഗോർ, കൈരളി, ഏരീസ് പ്ളക്സ് തിയേറ്ററുകളിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. ഒരു ദിവസത്തെ സിനിമ കാണുന്നതിനുള്ള റിസർവേഷൻ തലേ ദിവസം രാവിലെ എട്ടു മണിക്ക് ആരംഭിക്കും. 10,000 പേർക്കാണ് ഇത്തവണ പാസ് അനുവദിച്ചിട്ടുള്ളത്. മേളയിലെ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഇത്തവണ വിദ്യാർത്ഥി വിഭാഗത്തിന് ഇരട്ടി പാസുകൾ അനുവദിച്ചിട്ടുണ്ട്. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവേഷൻ ചെയ്യാവുന്നതാണ്. 24 മണിക്കൂറിന് മുൻപ് വേണം ചിത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്. രാവിലെ 8 മുതൽ സീറ്റുകൾ പൂർണ്ണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. ഡെലിഗേറ്റുകളുടെ സൗകര്യത്തിനായി വിവിധ തിയേറ്ററുകളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസും ഫെസ്റ്റിവൽ ഓട്ടോയും ഏർപ്പെടുത്തും. ഫെസ്റ്റിവലിലെ വിവിധ വിഭാഗങ്ങൾക്കായി കെ.എസ്.ഇ.ബി. 10 ഇലക്ട്രിക് കാറുകൾ അനുവദിച്ചിട്ടുണ്ട്. മേളയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് 24 മണിക്കൂറും സർവീസ് നടത്തുന്ന ഇ-കാറുകൾ ഇലക്ട്രിസിറ്റി ബോർഡ് ചലച്ചിത്ര അക്കാഡമിക്ക് കൈമാറിയത്.

ഐഎഫ്എഫ്‌കെ 26-ാം പതിപ്പിന്റെ ഫെസ്റ്റിവൽ ഓഫീസ് കേരളം മുന്നോട്ട് വച്ച റീ സൈക്കിൾ ആൻഡ് റീബിൽഡ് ആശയത്തിന്റെ നേർ സാക്ഷ്യമാണ്. മാലിന്യ നിർമ്മാർജ്ജന ലക്ഷ്യം അർത്ഥവത്തായി പൂർത്തിയാക്കാൻ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന നയം മുൻ നിർത്തിയാണ് ഓഫീസ് നിർമ്മാണം. ഉപയോഗ ശൂന്യമായ ടയറുകൾ ഉപയോഗിച്ചാണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. 140 ടയറുകൾ കലാപരമായി അടുക്കിയെടുത്താണ് നിർമ്മിതി. ഉയരുന്ന വേനൽചൂടിനെ അതിജീവിക്കാൻ വായു സഞ്ചാരം ഉറപ്പാക്കിയിട്ടുണ്ട്. ഓലയും തുണിയും ഉപയോഗിച്ചാണ് എക്‌സിബിഷൻ ഹാളിലേയ്ക്കുള്ള പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്.

സാംസകാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ചലച്ചിത്രമേള സമൂഹത്തിലെ നാനാതുറയിലുള്ള ജനങ്ങൾക്ക് ലോകത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വൈവിധ്യങ്ങൾ മനസിലാക്കുന്നതിനോടൊപ്പം  മികച്ച ദൃശ്യാനുഭവവും, ഉത്സവാന്തരീക്ഷവും പ്രധാനം ചെയ്യുന്നു  എന്നതിൽ സംശയമില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 463

sitelisthead