സ്ത്രീകളുടെ തൊഴിലവസരവും, വരുമാനവും വർദ്ധിപ്പിയ്ക്കുന്നതിനായി കേരള ബാങ്ക് വിവിധ തരത്തിലുള്ള വായപ്കൾ നൽകുന്നു. സ്വയംതൊഴിൽ കണ്ടെത്താനും സൂക്ഷ്മ ചെറുകിട,ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പാപദ്ധതിയിൽ ആറ് പ്രധാന വായ്പകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വനിതാ സഹകരണസംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയം തൊഴിലിനു അനുവദിക്കുന്നതാണ് ഈ വായ്പകൾ.
ഫുഡ് കാറ്ററിംഗ് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന അന്നപൂർണ്ണ വായ്പ, ബിസിനസ് ആവശ്യങ്ങൾക്ക് 5 ലക്ഷം വരെ നൽകുന്ന ബിസിനസ്സ് വനിത വായ്പ , ബ്യൂട്ടിപാർലർ, തയ്യൽ തുടങ്ങി ചെറുകിട സംരംഭങ്ങൾക്ക് 2 ലക്ഷം വരെ നൽകുന്ന വനിത മുദ്ര വായ്പ, സർക്കാർ സംരംഭങ്ങളുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങൾക്ക് പദ്ധതിയുടെ 50 ശതമാനംവരെ വായ്പ അനുവദിക്കുന്ന വനിത വികസന വായ്പ, 45,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ലഭിയ്ക്കുന്ന ഉദ്യോഗിനി വായ്പ, ഗ്രാമീണ വനിതകൾക്ക് ലഭിക്കുന്ന 50,000 രൂപയുടെ വനിത ശക്തികേന്ദ്ര പദ്ധതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മഹിള ശക്തി വായ്പകൾ. മുറ്റത്തെ മുല്ല അത്യാവശ്യ സാമ്പത്തിക ഘട്ടങ്ങളിൽ ഗ്രാമീണ സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഗ്രാമീണ ലഘു വായ്പ പദ്ധതിയാണ്. 1000 രൂപ മുതൽ 25,000 രൂപ വരെ കുടുംബശ്രീ മുഖേനയാണ് മുറ്റത്തെ മുല്ല വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള എസ്.എച്ച്.ജി ഗ്രൂപ്പിലെ അംഗങ്ങളുടെ മക്കൾക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്, കമ്പ്യൂട്ടർ, ടാബ് ഇവ വാങ്ങുന്നതിന് പരമാവധി 50,000 രൂപ വരെ അനുവദിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11
ലേഖനം നമ്പർ: 436