അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പിലാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്)യ്ക്ക് 6943.37 കോടി രൂപയുടെ ധനാനുമതി ലഭിച്ചു. 44 പുതിയ പദ്ധതികൾക്കായാണ് തുക അനുവദിച്ചട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4397.88 കോടി രൂപയുടെ 28 പദ്ധതികൾക്കും, ജലവിഭവ വകുപ്പിന് കീഴിൽ 273.52 കോടി രൂപയുടെ 4 പദ്ധതികൾക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 392.14 കോടി രൂപയുടെ 7 പദ്ധതികൾക്കും, വെസ്റ്റ്കോസ്റ്റ് കനാൽ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും, ആയുഷ് വകുപ്പിനു കീഴിൽ കീഴിൽ IRIAയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നൽകി.
ആരോഗ്യ സ്ഥാപനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി (KIIFB) അനുമതിയാണ് ലഭ്യമായത്. കോട്ടയം മെഡിക്കൽ കോളേജിന് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസറഗോഡ് മെഡിക്കൽ കോളേജ് 31.7 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35, കോന്നി മെഡിക്കൽ കോളേജ് 18.72 കോടി, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി, അടൂർ ജനറൽ ആശുപത്രി 14.64 കോടി എന്നിങ്ങനെയാണ് അനുവദിച്ച തുക. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുകയനുവദിച്ചത്. ഇതുകൂടാതെ കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് 114 കോടി രൂപയും അനുവദിച്ചട്ടുണ്ട്.
ആനക്കാംപൊയിൽ - കല്ലാടി– മേപ്പാടി ടണൽ റോഡ് നിർമ്മാണത്തിനു 2134.50 കോടി രൂപയും വെസ്റ്റ്കോസ്റ്റ് കനാൽ വിപുലീകരണം (മാഹി - വളപട്ടണം സ്ട്രെച്ച്, കോവളം - ആക്കുളം സ്ട്രെച്ച്, നീലേശ്വരം - ബേക്കൽ സ്ട്രെച്ച് എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി) - 915.84 കോടി രൂപയും ആലുവ – മൂന്നാർ റോഡ് നവീകരണം – സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപയും കിഴക്കേക്കോട്ട - മണക്കാട് (അട്ടക്കുളങ്ങര) ഫ്‌ളൈഓവർ സ്ഥലമേറ്റെടുക്കൽ -95.28 കോടി രൂപയും തിരുവനന്തപുരം പേരൂർക്കട ഫ്ളൈഓവർ നിർമ്മാണം (മുൻപ് അനുമതി നൽകിയ സ്ഥലമേറ്റെടുപ്പ് തുകയായ 43.29 കോടി രൂപയ്ക്ക് പുറമേ)- 50.67 കോടി രൂപയും മലയോര ഹൈവേ, ചെറങ്ങനാൽ - നേര്യമംഗലം സ്‌ട്രെച്ച് നവീകരണത്തിനു - 65.57 കോടി രൂപയും അനുവദിച്ചു. കൂടാതെ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി - 850 കോടി രൂപയും ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളായ ഒറ്റമശേരി, കാട്ടൂർ - പൊള്ളത്തായി, കക്കാഴം, നെല്ലാണിക്കൽ എന്നിവിടങ്ങളിലെ പുലിമുട്ട് നിർമാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 78.34 കോടി രൂപയും അനുവദിച്ചു.
70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 4,428.94 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി ഇതിനോടകം പൂർത്തികരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11
ലേഖനം നമ്പർ: 407