വികസന നേട്ടങ്ങളിൽ ഇന്ത്യയ്ക്ക് മാതൃകയായി കേരളം വളരുകയാണ്. പൊതുഭരണം, വികസനം, ആരോഗ്യസംരക്ഷണം, കാർഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും കേരളം രാജ്യത്തിനു തന്നെ അഭിമാനകരമായ രീതിയിൽ മുന്നേറുകയാണ്.
സുസ്ഥിര വികസന ദൗത്യങ്ങളിലൂന്നിയ നവകേരളം പടുത്തുയർത്താനുള്ള പരിശ്രമത്തിലാണ് കേരളമിന്ന്. പ്രളയവും കോവിഡും കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഗൗരവമായാണ് ബാധിച്ചിരിയ്ക്കുന്നത്. എന്നാൽ പതർച്ചയിൽ പകച്ചു നിൽക്കാതെ സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിലൂന്നി കേരളം അതിവേഗം മുന്നേറുകയാണ്. പൊതുജന ക്ഷേമത്തിലും വികസനത്തിലുമൂന്നിയുള്ള കേരള സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്.
പബ്ലിക് അഫേഴ്‌സ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫേഴ്‌സ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് PAI തയ്യാറാക്കിയിട്ടുള്ളത്. വികസന ദൗത്യങ്ങൾ അടിസ്‌ഥാനമാക്കിയുള്ള ഭരണപരിഷ്‌കാരങ്ങളും ആസൂത്രണ പ്രവർത്തനങ്ങളും, നയങ്ങളും, പദ്ധതികളുമെല്ലാം കേരളത്തെ ഒരു സുസ്ഥിര വികസന പാതയിൽ എത്തിചേരാൻ സഹായിക്കുന്നുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവച്ചതായാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. മാനവ വികസനത്തിലധിഷ്ഠിതമായ ഒരു നവകേരളം കെട്ടിപ്പടുക്കുന്നതിന്റെ പാതയിലാണ് ഇന്ന് കേരളം. കോവിഡ് മഹാമാരിയും അതുമൂലമുണ്ടായ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മറികടക്കാനുള്ള തീവ്രശ്രമമാണ് കേരള സർക്കാർ നടത്തുന്നത്.
പുരസ്കാര നിറവിൽ കേരളം: ഒറ്റനോട്ടത്തിൽ
പബ്ലിക് അഫേഴ്‌സ് ഇൻഡക്സ്സിൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം
വയോജന പരിപാലനത്തിലെ രാജ്യത്തെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ വായോ ശ്രേഷ്ഠ പുരസ്‌കാരം
രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിന് ഇന്ത്യ ടുഡേയുടെ ഹെൽത്ത് ഗിരി അവാർഡ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയിൽ ഒന്നാം സ്ഥാനം
രാജ്യത്തു ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ്
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി- ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം മെഡിക്കൽ കോളേജിന്
ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് കമ്പനിയായ ' ക്രീസിൽ' ന്റെ പട്ടികയിൽ ടെക്നോപാർക്കിനു ഉയർന്ന സ്ഥാനം
ഇ - സജ്ജീവനി, കാരുണ്യ ബെനവലൻ ഫണ്ട് സംരംഭങ്ങൾക്ക് ഗവേണൻസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പുരസ്‌കാരം .
മാതൃ-ശിശു മരണ നിരക്ക് കുറഞ്ഞ സംസ്ഥാനം, അഴിമതി കുറവുള്ള സംസ്ഥാനം (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്), മികച്ച ക്രമസമാധാനമുള്ള സംസ്ഥാനം (ഇന്ത്യാ ടുഡേ പുരസ്കാരം)സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ ഉള്ള സംസ്ഥാനം (പ്ലാൻ ഇന്ത്യ), വയോ ശ്രഷ്ഠ പുരസ്കാരം, എക്സ്പ്രസ്സ് ഹെൽത്ത് കെയർ അവാർഡ്, സ്വസ്ത് ഭാരത് ഗോൾഡ് അവാർഡ്, കേന്ദ്ര സർക്കാരിന്റെ മികച്ച ഉത്തരവാദിത്വ ടൂറിസം പുരസ്കാരം, ടൂറിസം രംഗത്തെ സമഗ്ര വികസന പുരസ്കാരം, സിവിക് മാനേജ്മെന്റ് അവാർഡ്, മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള എൻസിഇആർടി അംഗീകാരം തുടങ്ങിയവയെല്ലാം കേരളത്തിലെ വികസന പ്രവർത്തങ്ങൾക്ക് ലഭിച്ച മികച്ച അംഗീകാരങ്ങളാണ്.
വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, വാർദ്ധക്യകാല പെൻഷൻ തുടങ്ങിയ സാമൂഹ്യസുരക്ഷ പദ്ധതികൾക്ക് പ്രത്യക പരിഗണന നൽകിയാണ് കേരള സർക്കാർ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. ലൈഫ് മിഷൻ പദ്ധതി വഴി വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകിയും, സർക്കാർ സ്‌കൂളുകളിൽ ക്ലാസ് റൂമുകൾ ഹൈടെക് ആക്കിയും സുസ്ഥിരമായ വികസനനയമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന മാറ്റം കോവിഡിനെ നേരിടുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസ് സ്‌കീം, മഹാത്മാ ഗാന്ധി സമഗ്ര ശിക്ഷ അഭിയാൻ, മിഡ് ഡേ മേൽ സ്കീം, നാഷണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം (MGNREGS) എന്നിവയൊക്കെ കേരളത്തിന്റെ സാമൂഹ്യ ക്ഷേമ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പദ്ധതികളാണ്.
പൊതുജന പങ്കാളിത്തം, ഉത്തരവാദിത്തം, സുതാര്യത, തുല്യത തുടങ്ങിയ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ ധാർമിക മൂല്യങ്ങളും പ്രയോഗികമാക്കുകയും ജനങ്ങൾക്ക് അനുഭവവേദ്യമാക്കുകയും ചെയ്തുകൊണ്ടാണ് സംസ്ഥാന വികസനം കേരള മോഡൽ എന്ന തലത്തിൽ വികസിയ്ക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2021-12-15 12:05:55
ലേഖനം നമ്പർ: 339