ആശ്രയ, നഗരപ്രിയ, വനിതാമിത്രം
കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ സംരംഭമായ കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) രൂപീകൃതമായത്. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വർദ്ധിപ്പിക്കാൻ ഉപകരിക്കുംവിധമാണ് കെപ്‌കോ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.
കെപ്‌കോ ആശ്രയ
വിധവകളുടെ ജീവിതത്തിൽ ആശ്വാസമായെത്തുകയാണ് കെപ്‌കോയുടെ ആശ്രയ പദ്ധതി. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും 10 കോഴിയും, 3 കിലോ തീറ്റയും, മരുന്നും സൗജന്യമായി നൽകുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അറുപത്തിനായിരത്തോളം വിധവകൾക്ക് സഹായം നൽകാൻ കെപ്‌കോയ്ക്ക് സാധിച്ചിട്ടുണ്ട്.
കെപ്‌കോ നഗരപ്രിയ
ഗ്രാമങ്ങളിലെന്ന പോലെ നഗരങ്ങളിലെയും മുട്ടയുൽപ്പാദനം വർദ്ധിപ്പിക്കാനും മാലിന്യങ്ങളുടെ സുഗമമായ നിർമ്മാർജ്ജനത്തിനും വഴിയൊരുക്കി നഗരവാസികളായ സ്ത്രീകളെ ഉദ്ദേശിച്ച് കെപ്‌കോ നടപ്പാക്കിയ പദ്ധതിയാണ് കെപ്‌കോ നഗരപ്രിയ. ഓരോ ഗുണഭോക്താവിനും 5 കോഴി, 5 കിലോ തീറ്റ, ആധുനിക രീതിയിലുള്ള ഒരു കൂട്, മരുന്ന് എന്നിവ ലഭിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരവാസികളായ ഏകദേശം 13000 വനിതകൾക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്.
കെപ്‌കോ വനിതാമിത്രം
കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്ക് വേണ്ടി നടപ്പാക്കുന്നതാണ് കെപ്‌കോ വനിതാമിത്രം പദ്ധതി. ഓരോ ഗുണഭോക്താവിനും 10 കോഴിയും, 1 കിലോ തീറ്റയും, മരുന്നുമാണ് നൽകുന്നത്. കുടുംബ യൂണിറ്റുകളിലെ അംഗങ്ങളായ ഏകദേശം 30000 ത്തോളം വനിതകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടി ചില പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെപ്‌കോ. അതിന് മുന്നോടിയായി കയർ മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് കൈത്താങ്ങായി കോഴിവളർത്തൽ പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുകയാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-07-25 16:26:24
ലേഖനം നമ്പർ: 682