
ഇന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച കേരളം, ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാവാൻ തയാറെടുക്കുന്നു. 3-ാം 100 ദിന കർമപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ഡിജി കേരളം പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാവുന്നതിനുള്ള പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കാലത്ത്, ആധുനിക സങ്കേതങ്ങളുടെ ഗുണഫലങ്ങൾ എല്ലാവർക്കും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കാനും ഓൺലൈൻ പണമിടപാടുകൾ, സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള ആധികാരിക രേഖകൾ ഓൺലൈനിൽ ലഭ്യമാക്കൽ തുടങ്ങിയവയിൽ അവബോധം നൽകാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 6 മാസം കൊണ്ട് ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.
സ്മാർട്ട് ഫോൺ ഉപയോഗം, വിഡിയോ/ ഓഡിയോ കോൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, സോഷ്യൽ മീഡിയ എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസിലാക്കൽ തുടങ്ങിയവയിൽ അവബോധം ഉറപ്പാക്കി ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര പഞ്ചായത്തായ പുല്ലമ്പാറ മോഡലിൽ (കൂടുതൽ വായിക്കുക -ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പുല്ലമ്പാറ) കേരളത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമാക്കാനാണ് ഡിജി കേരളം ലക്ഷ്യമിടുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-12 10:37:03
ലേഖനം നമ്പർ: 1010