ശാസ്ത്ര നവനിർമാണത്തിൽ പുതുതലമുറയെ ശാക്തീകരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ-പൊതുവിഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതി. ദൈനംദിന ജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും സന്ദർഭത്തിനനുസരിച്ച് വിജ്ഞാന മേഖലകളുമായി ബന്ധപ്പെടുത്തി പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഉപകരണങ്ങളും വിവിധ ഹബ്ബുകളിലായി ഒരുക്കും. സമഗ്രശിക്ഷാ കേരളം, കൊച്ചിൻ സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ഇന്‍റര്‍ ഡിസിപ്ലിനറി സമീപനത്തിലൂന്നി ക്ലാസ്റൂം പഠന പ്രവര്‍ത്തനങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്തി അക്കാദമിക രംഗം കൂടുതല്‍ താല്‍പര്യമുള്ളതാക്കുക, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര- സാങ്കേതിക അറിവുകളെ കോര്‍ത്തിണക്കുകയും അത് കുട്ടികളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പരീക്ഷണങ്ങള്‍ക്കൊപ്പം റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും സംയോജിപ്പിച്ചുള്ള നവ സാങ്കേതിക വിഷയങ്ങളും സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് സ്ട്രീം ഇക്കോസിസ്റ്റം സഹായിക്കും.

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അടിത്തറ പാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലാണ് നടപ്പിലാക്കുന്നത്.  ആലപ്പുഴ ജില്ലയിലെ 11 ബി.ആര്‍.സി.കളിലും പരീക്ഷണ ഗവേഷണ സംവിധാനമൊരുക്കി ' സ്ട്രീം ഇക്കോസിസ്റ്റം '  ഹബ്ബുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുക. ബി.ആര്‍.സി പരിധിയില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍  സ്ട്രീം ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലൂടെ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പരിശീലനം ലഭ്യമാകും. ജില്ലയിലാകെ 2.20 കോടി രൂപയാണ് ഇതിനായി ചെലവാക്കിയിട്ടുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-27 14:03:44

ലേഖനം നമ്പർ: 998

sitelisthead