പൊതുമരാമത്ത് ജോലികളുടെ ഗുണനിലവാരം പണികൾ നടക്കുന്ന സ്ഥലത്തെത്തി പരിശോധിക്കുന്ന മൊബൈൽ ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികളുമായി പിഡബ്ള്യൂഡി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയനുകളിലീക്കായി അത്യാധുനിക സംവിധാനങ്ങളുള്ള 3 ടെസ്റ്റിങ് ലാബുകളാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി അവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ലബോറട്ടറിയിലെത്തിച്ച് പരിശോധനാവിധേയമാക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്. മൊബൈൽ ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറിയിൽ നടത്തുന്ന പരിശോധന വഴി പ്രവൃത്തികളുടെ ഗുണനിലവാരം അതാത് സ്ഥലത്തുവച്ചുതന്നെ പരിശോധിച്ചുറപ്പിക്കാൻ സാധിക്കും.

സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ തുടങ്ങിയ  നിർമ്മാണ  സാമഗ്രികളുടേയും കോൺക്രീറ്റ്, ടൈൽ മുതലായവയുടേയും ഗുണനിലവാരം  ഇതുവഴി പരിശോധിക്കാനാകും. അത്യാധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ഉപകരണങ്ങളാണ് ഈ മൊബൈൽ ലാബുകളിൽ ഉള്ളത്. 

പിഡബ്ള്യൂഡി മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് കാരണം പുതിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ പെട്ടന്ന് തകരാറിലാവുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും. പിഡബ്ള്യൂഡി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിധോധനയിൽ വ്യക്തമാകും. അനാസ്ഥയ്ക്കെതിരെ ഉടനടി നടപടികൾ കൈക്കൊള്ളുകയും ഗുണനിലവാരമുള്ള റോഡുകൾ ഉറപ്പ് വരുത്തുകയും ചെയ്യും. മൊബൈൽ ഓട്ടമേറ്റഡ് ടെസ്റ്റിംഗ് ലാബുകൾ വഴി അഴിമതി രഹിത നിർമാണം ഉറപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-08 14:52:02

ലേഖനം നമ്പർ: 976

sitelisthead