കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജം. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചുളള പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പി പരിശീലനം, ഓഡിറ്ററി വെർബൽ തെറാപ്പി സെന്ററിലൂടെ ലഭ്യമാകും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇ.എൻ.ടി. ഡിപ്പാർട്മെന്റിന്റെയും കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് തെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചത്.

ശ്രവണപരിമിതികളുള്ള കുട്ടികൾക്ക് ശ്രവണ ഉപകരണങ്ങളിലൂടെയും ഓഡിയോ വെർബൽ തെറാപ്പിയിലൂടെയും ശ്രവണശക്തി വീണ്ടെടുക്കാനുള്ള ഇടപെടൽ പ്രവർത്തനങ്ങൾ 6 മാസം മുതൽ 18 മാസം വരെ നടത്തണം. കുട്ടിക്ക് മൂന്നര വയസ് പ്രായമാകുന്നതുവരെ നിർബന്ധമായും പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പി ലഭിക്കണം. അനുബന്ധമായ ഇടപെടലുകൾ നടത്തി കുഞ്ഞുങ്ങളിലെ കേൾവി വൈകല്യം പരിഹരിക്കാൻ ഇത്തരം പരിശീലനം അനിവാര്യമാണ്. കുഞ്ഞിന് ശ്രവണ-സംസാര-ഭാഷാ ശേഷി കൈവരിക്കുന്നതിനായി രക്ഷിതാക്കൾ നടത്തേണ്ട ഇടപെടലുകൾ സംബന്ധിച്ചും സെന്ററിൽ പരിശീലനം നൽകും. 

നിലവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിലും (നിപ്മർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലും (നിഷ്) ആണ് ഓഡിറ്ററി വെർബൽ തെറാപ്പി സേവനമുള്ളത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-04 15:57:19

ലേഖനം നമ്പർ: 974

sitelisthead