100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്ക് ആശുപത്രികൾ മുതലുള്ള 78 ആശുപത്രികളിൽ മാർച്ച് 1 മുതൽ 2-ാം വർഷ പി.ജി. ഡോക്ടർമാരുടെ സേവനം. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പി.ജി. വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ല റസിഡൻസി പ്രോഗ്രാമനുസരിച്ചാണ് നിയമനം.

സർക്കാർ മെഡിക്കൽ കോളേജുകളിലെ 854, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 430, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പി.ജി. ഡോക്ടർമാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സർക്കാർ മെഡിക്കൽ കോളേജുകളിലേയും ആർസിസിയിലേയും 19 സ്വകാര്യ മെഡിക്കൽ കോളേജുകളിലേയും പി.ജി. ഡോക്ടർമാർ ഇതിലുൾപ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാക്കുക. പരമാവധി അതത് ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരെയാണ് നിയമിക്കുന്നത്. മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ മറ്റ് ജില്ലകളിൽ നിന്നും വിന്യസിക്കും.

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, ജില്ല, ജനറൽ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ടി.ബി. സെന്റർ, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹികമായി ഇടപെടാനുമുള്ള അവസരം ഇതിലൂടെ പി.ജി. വിദ്യാർഥികൾക്ക് സാധ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-01 10:13:17

ലേഖനം നമ്പർ: 965

sitelisthead