സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ ടൂറിസം പുരസ്ക്കാരം തുടർച്ചയായ 4-ാം തവണയും നേടി കേരളം ഹാൾ ഓഫ്‌ ഫെയിം ബഹുമതി സ്വന്തമാക്കി. ഒരേ വിഭാഗത്തിൽ 3 തവണ തുടർച്ചയായി ദേശീയ ടൂറിസം പുരസ്ക്കാരം ലഭിക്കുന്നവർക്കാണ് ഹാൾ ഓഫ് ഫെയിം ബഹുമതി നൽകുന്നത്.

രാജ്യത്തിനകത്തും പുറത്തും നൂതനമായ മാർഗ്ഗങ്ങളുപയോഗിച്ച് ടൂറിസത്തിൻറെ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം ബഹുമതി. പൈതൃക സംരക്ഷണത്തോടൊപ്പം ഉത്തരവാദിത്ത ടൂറിസം വഴി തൊഴിലവസരങ്ങളും സൃഷ്ടിച്ചതിനു പുറമെ ടൂറിസം മേഖലയിലെ സുസ്ഥിര കാഴ്ച്ചപ്പാട്, കർശനമായ ഗുണമേന്മ, പ്രകൃതി സംരക്ഷണം എന്നിവയിലൂന്നിയുള്ള  ടൂറിസം വികസനം കേരളത്തെ കോവിഡാനന്തര ടൂറിസം ഭൂപടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഡസ്റ്റിനേഷനായി അടയാളപ്പെടുത്തുന്നതിനു സഹായിച്ചു.

 2018-19 ലെ ടൂറിസം പുരസ്‌ക്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. ബീച്ചുകൾ, ബയോ പാർക്കുകൾ, മലയോര പ്രദേശങ്ങൾ, സൂചകങ്ങൾ മെച്ചപ്പെടുത്തൽ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വ പരിപാടികൾ നടപ്പാക്കൽ, പൈതൃക സംരക്ഷണം, ടൂറിസം ക്ലബുകളെ സംഘടിപ്പിക്കൽ, ടൂറിസം ബോധവത്കരണം എന്നീ മേഖലയിൽ നടത്തിയ സമഗ്ര പ്രവർത്തനങ്ങളാണ് കോഴിക്കോട് ഡിടിപിസിയെ പുരസ്ക്കാരത്തിനർഹമാക്കിയത്.

മികച്ച ഫോർ സ്റ്റാർ ഹോട്ടലിനുള്ള പുരസ്ക്കാരം കുമരകത്തെ താജും ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സ കേന്ദ്രത്തിനുള്ള പുരസ്ക്കാരം മണൽത്തീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററും നേടി.

ടൂറിസം മേഖലയുടെ വികസനത്തിനാവശ്യമായ നൂതനമായ വിപണന തന്ത്രങ്ങളും പ്രചാരണ പ്രവർത്തനങ്ങളും ആവിഷ്കരിച്ച്  നടപ്പിലാക്കി കേരള ടൂറിസം ഇന്ന് സുസ്ഥിര വികസന പാതയിലാണ്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളുടെ ഫലമായി ഗ്രാമങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങൾ നൽകാനുള്ള ഗവൺമെന്റിന്റെ ഉദ്ദേശ്യം ഒരു പരിധിവരെ ഫലപ്രാപ്തിയിലാണ്. ഇതിലൂടെ ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കുവാൻ കേരളത്തിന് സാധിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് തുടർച്ചയായി ലഭിച്ച ടൂറിസം അവാർഡ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-29 13:50:38

ലേഖനം നമ്പർ: 768

sitelisthead