വർഷങ്ങളായി പരിഹരിക്കപ്പെടാത കിടന്നിരുന്ന നരിക്കൽ ഭൂപ്രശ്‌നം ഉൾപ്പെടെ വയനാട് ജില്ലയിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമാകും. നരിക്കലിൽ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുന്ന ഭൂപ്രശ്‌നം പരിഹരിച്ച് 196 പേർക്ക് ഇതിനോടകം പട്ടയം നൽകി. വൈത്തിരി താലൂക്കിലെ വുഡ്‌ലാൻഡ്‌സ് എസ്റ്റേറ്റ് ഭൂപ്രശ്‌നത്തിനും അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കണ്ടുവരികയാണ്. ഇവിടെ ടോട്ടൽ സ്‌റ്റേഷനും സർവ്വെ ടീമിനെയും അനുവദിച്ച് സർവ്വെ നടപടികൾ പൂർത്തീകരിച്ചു. നിയമപരമായ സാധ്യതകൾ പരിശോധിച്ച് ഈ വർഷം തന്നെ 300 ഓളം പേർക്ക് പട്ടയം നൽകാനാവുമെന്നാണ് പ്രതീക്ഷ.

ചീങ്ങേരി ആദിവാസി കോളനിയിൽ 100 പേർക്ക് പട്ടയം നൽകി. ബാക്കിയുള്ള 319 പേർക്കും 2 മാസത്തിനകം പട്ടയവിതരണം നടത്താനാകും. സുൽത്താൻ ബത്തേരി താലൂക്കിലെ ഇരുളത്തെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിനും ഈ വർഷം നടപടിയുണ്ടാകും. പരിഹരിക്കേണ്ട വിഷയങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറി പരിശോധിക്കും. വനാവകാശ നിയമപ്രകാരം പട്ടയം അനുവദിക്കുന്നതിന് ലഭ്യമായ 230 അപേക്ഷകളിലും ഈ വർഷം തന്നെ തീരുമാനമെടുക്കും. 1977 നു മുമ്പ് വനഭൂമി കയ്യേറിയവർക്കുള്ള നിയമപ്രകാരമുള്ള രേഖകളും ഡിസംബറോടെ നൽകുകയാണ് ലക്ഷ്യം. നടപടികൾ പൂർത്തിയാക്കുന്നതിന് വേണ്ട സർവ്വെ ടീമിനെയും ടോട്ടൽ സ്‌റ്റേഷനും കളക്ടർക്ക് ലഭ്യമാക്കും. ലാൻഡ് ബോർഡ് കേസ് വഴി പാരിസൺ എസ്റ്റേറ്റിൽ ആദ്യഘട്ടത്തിൽ 405 ഏക്കർ ഭൂമി ഏറ്റെടുത്തു. ഇവ കൈവശക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികളും ഈ വർഷം പൂർത്തിയാകും. കഴിഞ്ഞ വർഷം ജില്ലയിൽ 1811 പേർക്കാണ് പട്ടയം അനുവദിച്ചത്. ഈ വർഷം പട്ടയം കഴിഞ്ഞ വര്ഷത്തിനേക്കാൾ ഇരട്ടിയിലേറെ പേർക്ക് നൽകാനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 

കഴിഞ്ഞ ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് 54,535 പട്ടയങ്ങൾ ആണ് നൽകിയത്. ഇത് സർവകാല റെക്കോർഡാണ്. മലയോര- ആദിവാസി പട്ടയം അർഹരായ മുഴുവൻ പേരെയും കണ്ടെത്തി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-23 15:45:06

ലേഖനം നമ്പർ: 764

sitelisthead