സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിയ്ക്കുന്ന കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ  ഇതുവരെ  5,805 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ഈ വർഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിവഴി നടത്തി. ഒരു വയസിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിലുണ്ട്. പദ്ധതിയിൽ 17,256 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 10,818 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1661 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 112 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 60 ശസ്ത്രക്രിയകൾ ഉടൻ നടക്കും.

പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളേയും പരിശോധനയ്ക്ക് വിധേയമാക്കും.  ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ, ECHO ഉൾപ്പെടെയുളള പരിശോധന വഴി രോഗ നിർണയം നടത്തും. ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശന വേളയിൽ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും, അംഗണവാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആർ.ബി.എസ്.കെ സ്‌ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു.നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 237 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

രോഗനിർണയത്തിന് ശേഷം,  രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കും. എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുണ്ട്.

അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കും. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു.ഹൃദ്യം പദ്ധതിയിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സാധ്യമാക്കുന്നു. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ്  രൂപകല്പന ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056/0471 2552056.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-19 12:43:56

ലേഖനം നമ്പർ: 770

sitelisthead