ഇടുക്കിയുടെ മനോഹാരിത നുകരാനെത്തുന്ന വിനോദസഞ്ചാരികൾക്ക് ചരിത്രവിജ്ഞാനം പകരാൻ ഇനി പൈതൃക കേന്ദ്രവും. പ്രകൃതി രമണീയമായ മലനിരകളും വെളളച്ചാട്ടങ്ങളും കാട്ടുചോലകളും ദേശീയ ഉദ്യാനങ്ങളും നിറഞ്ഞ ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ ജില്ല ഹെറിറ്റേജ് സെന്റർ വിപുലമായ സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചു. കുയിലിമലയിലെ മനോഹരമായ കുന്നിൻ മുകളിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മ്യൂസിയത്തോടു ചേർന്ന് 1.75 കോടി രൂപ മുതൽമുടക്കി 6300 ചതുരശ്ര അടി വിസ്തൃതിയിലാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഇടുക്കിയുടെ സമൃദ്ധവും വൈവിധ്യവുമായ പൈതൃകങ്ങൾ ഭാവി തലമുറയ്ക്കായി സജ്ജീകരിച്ചു സൂക്ഷിക്കാനുള്ള ഇടമെന്ന നിലയിലാണ് പുരാവസ്തു വകുപ്പ് ജില്ലാ പൈതൃക മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്. പുരാരേഖകളുടെ സംരക്ഷണത്തിനായുള്ള റിക്കാർഡ് റൂം, കൺസർവേഷൻ വിഭാഗം, റിസർച്ച് ഹാൾ, ഓഫീസ് ഹാൾ, പ്രദർശന ഹാൾ, ഗസ്റ്റ് ഹൗസ് എന്നീ സൗകര്യങ്ങളോടെ പരിസ്ഥിതി സൗഹൃദമായാണ് സെന്ററിന്റെ നിർമ്മാണം. ഇടുക്കി ജില്ല പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്ത് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് പൈതൃക കേന്ദ്രം നിർമിച്ചത്.

14-ാം നൂറ്റാണ്ടു മുതൽ 20-ാം നൂറ്റാണ്ടുവരെയുളള ഇടുക്കിയുടെ ചരിത്രം, പൈതൃകം, ആനുകാലിക ചുവടുവെപ്പുകൾ എന്നിവയുടെ നേർരേഖകളുടെ പ്രദർശനമാണ് മൂന്ന് ഗ്യാലറികളിലായി സജ്ജീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ കണ്ടെത്തപ്പെട്ട മുനിയറകളും മെൻഹറുകളും ചരിത്രാതീതകാലത്തിന്റെ അടയാളങ്ങളുടെ ആലേഖനങ്ങളും ഛായാചിത്രങ്ങളും ആദിമ നിവാസികൾ, കുടിയേറ്റം, പിന്നീടുവന്ന കൊളോണിയൽ കാലഘട്ടം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ അടങ്ങിയ രേഖകളുടെ പകർപ്പുകൾ തുടങ്ങിയവയാണ് ആദ്യ ഗാലറിയിൽ.
കാലഗതിക്കനുസരിച്ച് ഇടുക്കിയിൽ മാറ്റങ്ങൾ സൃഷ്ടിച്ച ഭൂപരിഷ്‌ക്കരണം, തോട്ടങ്ങൾ, ഡാമുകൾ, വിനോദസഞ്ചാര ഇടങ്ങൾ എന്നിവയെക്കുറിച്ചുളള രേഖകൾ, ഡാമിനെക്കുറിച്ചും തേയില നിർമ്മാണത്തെക്കുറിച്ചും വിശദീകരിക്കുന്ന പ്രദർശന സജ്ജീകരണങ്ങൾ, ഇടുക്കി ചിത്രങ്ങൾ എന്നിവ രണ്ടാം ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്നു. മൂന്നാമത്തെ ഗാലറിയിൽ ഏർപ്പെടുത്തിയ ദൃശ്യ ശ്രാവ്യ സംവിധാനം കഴിഞ്ഞ കാലത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടു പോകും. 

ഇമേജുകളും വീഡിയോകളും റിലീഫുകളും, സ്ലൈഡുകളും, പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടച്ച് സ്‌ക്രീൻ കിയോസ്‌ക്, ഇന്ററാക്ടീവ് ഇ- ബുക്ക്, പ്രൊജക്ടർ എന്നിവ സന്ദർശകരുമായുള്ള ആശയവിനിമയത്തിനായും സജ്ജീകരിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ 128 ച. അടി വിസ്തൃതിയിൽ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഒഴികെ എല്ലാ ദിവസവും സെന്റർ തുറന്ന് പ്രവർത്തിക്കും. ഇടുക്കി ജില്ലയുടെ ചരിത്രം വിളിച്ചോതുന്ന ആധികാരിക രേഖകൾ കണ്ടെത്തി ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സെന്റർ ചരിത്ര ഗവേഷകർക്കും ചരിത്രാന്വേഷികൾക്കും വളരെയേറെ ഉപകരിക്കും. ഹെറിറ്റേജ് സെന്റർ സന്ദർശിക്കാൻ എത്തുന്നവർക്ക് സമീപത്ത് തന്നെയുള്ള ഇടുക്കി ജില്ല പൈതൃക മ്യൂസിയവും കാണാൻ സാധിക്കും. 10 ഗാലറികളിലായി ആദിമകാലം മുതൽ ആധുനികകാലം വരെയുള്ള ഇടുക്കിയുടെ കഥ പറയുന്ന ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവെപ്പുകൾ ഇവിടെ സമഗ്രമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-20 15:24:44

ലേഖനം നമ്പർ: 761

sitelisthead